എല്ലാവരെയും എല്ലായിപ്പോഴും സന്തോഷിപ്പിക്കാൻ കഴിയില്ല.

ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഒരു ചന്തയിൽ പോയി ഒരു കഴുതയെ വാങ്ങി, കഴുതയും കൊണ്ടവർ വീട്ടിലേക്ക് നടന്നു. ഒരു നാലും കൂടിയ കവലയിലൂടെ അവർ കടന്നുപോകുമ്പോൾ “നാട്ടുകാർ” അവരെ നോക്കി കളിയാക്കി.

ഒരു കഴുതയെ വാങ്ങിയിട്ട് അതിനെ പണിയെടുപ്പിക്കാൻ അറിയില്ല, അതിനെ വെറുതെ നടത്തിക്കൊണ്ടുപോകുന്നു, “കഷ്ടം തന്നെ!” അവർക്ക് അത് ശരിയാണെന്ന് തോന്നി. ആ കവല കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും കഴുതയുടെ മുകളിലിരുന്ന് വീട്ടിലേക്കുള്ള യാത്ര തുടർന്നു. അടുത്ത കവല എത്തിയപ്പോൾ അവിടെയും കുറച്ച് “പരിചയക്കാർ” ഉണ്ടായിരുന്നു. അവർ പറഞ്ഞു “കഷ്ടം തന്നെ!” ആ പാവം കഴുതയുടെ പുറത്തിരുന്ന് രണ്ടാളും പോകുന്നത് കണ്ടില്ലേ പാവം കഴുത! ഇത് കേട്ട അവർക്ക് വിഷമമായി. ശരിയാണല്ലോ, നമ്മൾ ഈ ചെയ്യുന്നത് ശരിയല്ല. അങ്ങനെ ഭർത്താവ് താഴെയിറങ്ങി ഭാര്യയെ അതിൽ തന്നെ ഇരുത്തി യാത്ര തുടർന്നു.

വീണ്ടും ഒരു കവല എത്തി. അവിടെ അവരുടെ കുറച്ച് “കൂട്ടുകാർ” ഉണ്ടായിരുന്നു. അവർ പറഞ്ഞു, ഇവൻ എന്ത് മണ്ടനാണ്, ഭാര്യയുടെ അടിമയാണ്, അതുകൊണ്ടല്ലേ അവരെ പുറത്തിരുത്തി ഇവൻ നടക്കുന്നത്, “കഷ്ടം തന്നെ!” ഇത് കേട്ട് ഭർത്താവിന് ദേഷ്യം വന്നു. ഉടൻ തന്നെ ഭാര്യയെ താഴെ ഇറക്കി ഭർത്താവ് കഴുതപ്പുറത്ത് കയറി യാത്ര തുടർന്നു… വീടിനോട് അടുത്തുള്ള അടുത്ത കവല വന്നു. അവിടെ അവരുടെ ചില “ബന്ധുക്കൾ” ഉണ്ടായിരുന്നു. അവർ ചോദിച്ചു ‘നീ എന്ത് പണിയാണ് ഈ കാണിക്കുന്നത് അവരൊരു സ്ത്രീയല്ലേ? നിനക്ക് നാണമില്ലേ അവരെ നടത്തിക്കൊണ്ട് നീ അതിന്റെ മേലെ വിലസി ഇരിക്കുന്നത്?’ “കഷ്ടം തന്നെ!” ഇത് കേട്ട് ഭർത്താവിന് അതിയായ വിഷമം തോന്നി. ശരിയാണല്ലോ ഇവർ പറഞ്ഞതിൽ കാര്യമുണ്ട്, അങ്ങനെ അവർ ഒരു തീരുമാനമെടുത്തു, അവർ രണ്ടുപേരും ചേർന്ന് കഴുതയെ എടുത്തുകൊണ്ട് വീട്ടിലേക്ക് നടക്കുവാൻ തുടങ്ങി… ഈ വരവ് കണ്ടു “വീട്ടുകാർ” പറഞ്ഞു “കഷ്ടം തന്നെ!”

നമ്മളിൽ ചിലരും ഇങ്ങനെയാണ്. എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കും, പക്ഷേ അത് എപ്പോഴും നടക്കണമെന്നില്ല! എല്ലാവരെയും എല്ലായിപ്പോഴും സന്തോഷിപ്പിക്കാൻ കഴിയില്ല. നാം എത്ര നല്ല കാര്യം ചെയ്താലും ചിലപ്പോൾ കുറ്റപ്പെടുത്താൻ ഒരു കൂട്ടം ഉണ്ടായെന്നു വരാം! അതുകൊണ്ട് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നുവെങ്കിൽ, മറ്റാർക്കും അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവുന്നില്ല എന്ന് “നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ” തീർച്ചയായും ആ പ്രവർത്തിയിൽ തുടരുക.

വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ https://bit.ly/UnlearnUntrue

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.